സി.ബി.എസ്.ഇ 10, 12 ഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കില്ല; വ്യാജവാര്‍ത്തകള്‍ തെറ്റെന്ന് ബോര്‍ഡ്
ന്യൂഡല്‍ഹി: 10, 12 ക്ലാസ്സുകളുടെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഎസ്ഇ ബോര്‍ഡ് വ്യക്തമാക്കി. ഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ലെന്നും, റിസള്‍ട്ട് ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിബിഎസ്ഇ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മുന്‍കൂട്ടി ഔദ്യോഗികമായി അറിയിക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങളുടെ പിന്നാലെ പോകാതെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവ ഉപയോഗിച്ചാണ് ഫലം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കേണ്ടതെന്നും സിബിഎസ്ഇ വ്യക്തമാക്കി. 10, 12 ക്ലാസുകളിലായി ഈ വര്‍ഷം 44 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്. ഫലം മെയ് മാസം രണ്ടാമത്തെ ആഴ്ചയോടെ പ്രസിദ്ധീകരിക്കപ്പെടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫലം മെയ് 13ന് പ്രസിദ്ധീകരിച്ചിരുന്നുവെന്ന് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.